Labels

9.09.2017

എന്റെ വെറും വര്‍ത്താനങ്ങള്‍


നെറുകിലെ സൂര്യന്‍ മുട്ടോളം താന്നപ്പോള്‍
ചേറില്‍ കലര്‍ന്നൊരെന്‍ ചെമ്പന്നുടലുമായി
നില്‍ക്കുന്നീ വയലിന്റെ പാതിയില്‍ ഞാന്‍
കുഞ്ഞിവാലന്‍ മീനുകള്‍ തെരുതെരെ തുള്ളുന്നോരു
തോട്ടു വെള്ളത്തിലാ ചേര്‍ മണം ഒഴുകുമ്പോള്‍
ഉപ്പും വിയര്‍പ്പും കഴുകിക്കയറുമ്പോള്‍
പകലിനെ നീട്ടി മുറുക്കി ചുമപ്പിച്ചു തുപ്പിയിട്ടാകെച്ചുമന്നു
പോകുന്നാകാശം
അവസാന പക്ഷിയും
അവനോന്റെ കൂടിന്‍ വഴിയെപ്പറക്കുമ്പോള്‍
ഞാനെന്റെ കാലിലെ ചിറകും കൊണ്ട്
എന്റെപേരുള്ള ചെറു കൂട്ടിലേക്കായുന്നു .
നീലിയുടെ കുളിപ്പുരയില്‍
വെള്ളം ചിതറുമ്പോള്‍
ഞാനെന്റെ തൂമ്പയുടെ ചിരിയുമായി
ആ മുളമ്പടികടക്കുന്നു .
മീന്‍ഞ്ചാര്‍ കുഴച്ചിട്ട്‌
ചെരിഞ്ഞോന്നു നോക്കീട്ടു
ഞാനെന്റെ പെണ്ണിനൊരു
ഉരുളയുരുട്ടുന്നു
കാ‍ന്താരി കടിച്ചിട്ടു കുടമ്പുളിയീബീട്ട്
നീലിപ്പെണ്ണൊരോന്നൊന്നര
മാറ്റച്ചിരി തരുന്നു .
പനമ്പായില്‍ നനുനനെ
പഞ്ഞിക്കിടക്ക വിരിച്ചിട്ടു
വിളക്കിലെ നുള്ള്സൂര്യനെ
ഊതിക്കെടുത്തുമ്പോ
ഒരുതുണ്ട് ആകാശമിങ്ങ്
ഒളിഞ്ഞു നോക്കുന്നു
നെഞ്ചിലെ ചൂടിലെന്റെ പെണ്ണോരുത്തിയെ
ചേര്‍ത്തു കിടത്തുമ്പോള്‍

എന്റെയോരോ ചിരിയും കരച്ചിലും
പാതിപകുക്കുന്നവളെന്നോട്
പതിഞ്ഞു കിടക്കുമ്പോള്‍
എന്റെ മണ്‍കൂട്ടിലും
ഒരു സ്വര്‍ഗ്ഗമങ്ങിനെ വിരുന്നു വന്നെത്തുന്നു .
തേനും വയമ്പും മണക്കുമൊരു
പാതിരാക്കാറ്റിന്‍ മേനി
പതിയെ പതിയെ ഉലയുന്നു .....


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "