Labels

7.15.2017

ജീവനുള്ളവയുടെ പരസ്യമായ രഹസ്യങ്ങള്‍ - മലയാളം വാരിക





പത്ത് പെൺ കവിതകൾ എന്ന ഒരു സമ്പുടം നമ്മുടെ വായനയുടെ മുന്നിലെത്തി. ഇവയെ കവിതയെന്നു വിളിച്ചാൽ മതിയാകും. കാരണം ജൻഡർ വിവക്ഷ ഒരു പക്ഷേ നമ്മുടെ കവിത ഉപേക്ഷിക്കുന്ന ഘട്ടമാണിത്. കവിതയിൽ നിന്ന് നിങ്ങൾക്കിനി ലിംഗഭേദത്തെ കണ്ടെടുക്കുക അത്ര എളുപ്പമല്ല. മാറി വരുന്ന ഈ ധാരണയ്ക്കൊപ്പം എത്താനാവാത്തവർ , 'ആണു ചെയ്യുന്ന വീരസ്യം പെണ്ണിന്നെന്താ ചെയ്താൽ ' എന്ന പത്തുകൊല്ലം മുൻപത്തെ ചോദ്യം ഇന്നലത്തെ കവിതയിൽ ഉന്നയിച്ചു കാണുന്നുണ്ട്. അത് അവഗണിച്ചുകളയുകയേ നിവൃത്തിയുള്ളു.
കവിത ലിംഗനിരപേക്ഷമാവുന്നു എന്നതിനുള്ള ഏറ്റവും മികച്ച ദൃഷ്ടാന്തം കന്നി .എം. എഴുതിയ പിണങ്ങിപ്പോയ സൈക്കിളും സോണി ഡി ത്തിന്റെ ജീവനുള്ളവയുടെ പരമമായ രഹസ്യങ്ങളും സിന്ധു കെ.വി.യുടെ ചില മനിതർ, ചില നേരങ്ങളിൽ എന്നീ രചനകളുമാണ്.
ഈയ്യിടെ കന്നി എഴുതുന്ന കവിതകളുടെ ഘടന ഒരിത്തിരി സങ്കീർണ്ണമാണ്. കണ്ണാണ് കന്നിയുടെ ഇന്ദ്രിയം .കാഴ്ചയാണ് കന്നിയുടെ കല . കാഴ്ചയെ പാലറ്റിലെ വർണ്ണമെടുത്ത് കാൻവാസിൽ തേച്ചുപിടിപ്പിക്കുന്ന ക്രിയയ്ക്ക് ഒരനായാസ ചലനത്തിന്റെ അകമ്പടിയുണ്ട്. ആ അനായാസത പക്ഷേ ചിത്രത്തിന്റെ ടോട്ടാലിറ്റിയിൽ പ്രതീക്ഷിച്ചു കൂടാ. അവിടെയത് സങ്കീർണ്ണമാവാനുള്ള സാദ്ധ്യതകൾ ധാരാളമാണ്.ഈയൊരവസ്ഥ കന്നിയുടെ സമീപകാല കവിതകളുടെ പൊതു സവിശേഷതയാണ്. പിണങ്ങിപ്പോയ സൈക്കിളും വ്യത്യസ്തമല്ല. ഇവിടെയും ഒരു വാക്കിൽ നിന്ന് മറുവാക്കിലേക്കുള്ള ദൂരം അസാധാരണമായ ഒരു മാനസ ദൂരമാണ്. ആ ദൂരം അളന്നെത്താൻ നിങ്ങൾ ഒരു സൈക്കിളുരുട്ടി നടക്കേണ്ടി വന്നേക്കാം. കന്നി വാക്കിന് നൽകുന്ന ചിത്രമാനങ്ങളിലൂടെ രൂപപ്പെടുത്തുന്ന സംവേദനം അത്ര സുതാര്യമല്ല. സുതാര്യത സ്ത്രീകൾ രൂപപ്പെടുത്തുന്ന കലാവസ്തുക്കളുടെ പൊതു പ്രശ്നമെന്നു വരുമ്പോൾ കന്നിയുടെ ഈ നിലപാട് പരിശോധിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. നിങ്ങളെങ്ങനെ എന്നെ ഭാവത്തിലേക്ക് സംക്രമിപ്പിക്കുന്നു എന്ന ചോദ്യം തന്നെയാണ് ഈ കവിതയുടെ പുതുമ .
സോണി ഡിത്തിന്റെ കവിത ലിംഗഭേദ നിരാസത്തിന്റെ രാഷ്ട്രീയത്തെ ആഘോഷിക്കുന്നു. ജീവൻ എന്ന ഒരൊറ്റ പദത്തിലൂന്നി നിന്നുകൊണ്ട് ആ പദത്തിന്റെ സകല സാദ്ധ്യതകളും ആരാഞ്ഞു കണ്ടെത്തുകയാണ് ഈ കവിത. ജീവിതമെന്നും മരണമെന്നും സ്ത്രീയെന്നും ഭൂമിയെന്നും ആകാശമെന്നും സ്ത്രീയെന്നും ദൈവമെന്നും ഒരുവനെന്നും ഒരുവളെന്നും നമ്മളെന്നും അത് ലിംഗബോധമായും ലിംഗഭേദമായും ഒടുവിൽ ബുദ്ധഭൂപടമെന്ന് ലിംഗ നിരാസമായും കവിതയുടെ സിരയിൽ നുരഞ്ഞുയരുന്നു. സകലതും ചിതറിത്തെറിച്ചു പോകുന്ന ഒരു കാലത്തിൽ ഒന്നും വാരിപ്പിടിക്കാനാവാതെ വാരിപ്പിടിക്കുന്നതൊന്നും സ്വന്തമല്ലെന്ന നേരറിവിനെ മുഖാമുഖം നിർത്തുന്നു ഈ കവിത . ജീവനുള്ളവക്കെന്തു രഹസ്യം ,അവ കണ്ണുമിഴിക്കുന്ന ആകാശത്തിലേക്ക് തിരിനീട്ടുന്ന എന്നല്ലാതെ എന്ന സൂഫിസമാനമായ ചിരിയാണ് ഈ കവിതയുടെ പ്രകാശം .
സിന്ധുവിന്റെ കവിത സന്ധുവിന്റെ ഇതുവരെയുള്ള കവിതയുടെ ഗ്രാഫിൽ വളർച്ചയെ അടയാളപ്പെടുത്തുന്ന രചനയാണ്. കവിയെന്ന നിലയിൽ ക്രാഫ്റ്റിലുള്ള വൈവിധ്യവും ക്രാഫ്റ്റിൽ ഉള്ള കൈയ്യൊതുക്കവും ഒരു പക്ഷേ സിന്ധുവിനോളം ഇന്നെഴുതുന്ന പുതിയവരിൽ വിരളമാണ്.ഈ കവിതയിലെ ആദ്യ പദം ഒരു വ്യാക്ഷേപകമാണ്. ആ വ്യാക്ഷേപകമുന്നയിക്കുന്ന സ്ഫോടനം കവിതയുടെ അന്ത്യം വരെ മുഴങ്ങുന്നുണ്ട്. ഒരു നേർ പറച്ചിലിൽ ഞാനും നീയും എന്ന സംയുക്തം ഏതുലിംഗ പ്രതിനിധാനങ്ങൾ എന്ന് വ്യവച്ഛേദിക്കുക വയ്യാത്ത വിധം കവിത പെരുമാറുന്നു. അതായതാശാനേ എന്ന് കവിത വ്യവഹരിക്കുമ്പോഴും കള്ള് വിഷയമായി ഭാഷണം നീങ്ങുമ്പോഴും കവിത പുരുഷാഖ്യാന വേഷമാണെന്നു തോന്നിപ്പോകും. പക്ഷേ അതിനകത്ത് ഒരു ട്രാൻസ്ജെന്ററിനെ നമുക്ക് കാണാം. ആ കാഴ്ചയാണ് ലഹരി നൽകുന്ന ലിംഗാഭേദത്തിന്റെ ത്രസിപ്പ് അനുഭവിപ്പിക്കുന്നത്. പെണ്ണിന്റെ മദ്യപാനസദസ്സിന്റെ സദിരിലല്ല, ലഹരി സൃഷ്ടിക്കുന്ന ലിംഗാതീത സ്വത്വത്തിന്റെ തീവ്രതയിലാണ് ഇത്തരമൊരു സന്ദർഭത്തിൽ യഥാർത്ഥ ആവിഷ്കാരം സംഭവിക്കുന്നതെന്ന് വായന തിരിച്ചറിയുന്നുണ്ട് .
****************************************************************************************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "