2.11.2018

നിന്നിലേയ്ക്കുള്ള വഴികള്‍

നിന്നിലേയ്ക്കുള്ള വഴിയെ നടക്കുമ്പോള്‍ 
നീ തന്ന ഇഷ്ടത്തിന്‍റെയാ വിത്തുകള്‍
അടയാളം വിതറുന്നു ,
നിന്നെമാത്രം തിരഞ്ഞു വരുമ്പോള്‍
പാരിജാതം വിടര്‍ന്നു നില്ക്കുന്ന 
പാതകള്‍ കാണുന്നു .
നിന്നെയോര്‍ത്ത് ഉണര്‍ന്നു കിടക്കുമ്പോള്‍
രാവ്നീളെ നിന്‍റെ പേരുള്ള പുതിയ കാറ്റു വീശുന്നു .
ആത്മാവില്‍ നീ നിറഞ്ഞു പെയ്യവേ
ഇരുട്ടിലും പ്രണയത്തിന്‍റെ സൂഫികള്‍
നൃത്തം ചെയ്യുന്നു ,
ആകാശം അതിന്‍റെ ഒറ്റദീപം
കൊളുത്തി വയ്ക്കുന്നു .
അവനവനെ മറന്നു മറന്ന്
ഒരു പുഴയൊഴുകുന്നതില്‍ ഞാനതിന്‍റെ
മുഖം തൊടുന്നു.
പ്രണയത്തിലേയ്ക്ക് പിന്നെയും
ഉണരാന്‍ തുടങ്ങുമ്പോള്‍
ആദിമ സൂര്യനൊരു
പുതുപുലരിയും കൊണ്ടതാ മുന്നില്‍ നില്ക്കുന്നു .
ഞാനെന്നിലെയ്ക്ക് തിരികെപ്പോരുമ്പോള്‍
വഴി നിറയെ ഹൃദയാകൃതിയുള്ള ഇലകള്‍
തളിര്‍ത്തു നില്ക്കുന്ന കാടുകാണുന്നു,
ഓരോ അനക്കത്തിലും
ഞാനെന്നു നീയെന്ന് ചുവക്കുന്ന
പൂക്കള്‍ കാണുന്നു .
നമുക്കുള്ള ആനന്ദങ്ങളും കൊണ്ട് ഓരോ വഴിയും
തുടുത്തു നില്ക്കുന്നു .
പ്രണയത്തിന്‍റെ ഓരോ പ്രഭാതത്തിലുമിങ്ങിനെ
നമ്മളെയും കൊണ്ട് ജീവിതത്തിലേയ്ക്ക് ഞാന്‍
പിന്നെയും പിന്നെയും
ഒളിച്ചോടുന്നു 😊


2.07.2018

അമ്മവൃക്ഷം


ഇലകള്‍ ഒന്നാകെ യാത്രപറഞ്ഞു തീര്‍ന്ന 
ശൂന്യമായ ചില്ലകളുമായി
ശിശിര വൃക്ഷംപോലെ ഞാന്‍
ഒരു കാലത്തിന്‍റെ ധ്യാനത്തിലേയ്ക്
വാതിലുകള്‍ തുറന്നിട്ടു .
തേയിലക്കൊളുന്തുകളോ
കാപ്പിപ്പൂ മണങ്ങളോ ഒരു കാറ്റും
മടിയിലെക്കിട്ടു തന്നില്ല .
മധുരപ്പുളിയുടെ മിശ്രഭാഷയുള്ള
ഓറഞ്ചല്ലികള്‍ ഉതിര്‍ക്കും പോലെ
അവനവനെ രുചിച്ച് തീര്‍ന്നു പോകവേ
കണ്ണെഴുതാത്ത ഒരു കരിയിലക്കിളി അതിന്‍റെ
പരുത്ത പാട്ടുകൊണ്ട് ഉള്ളുണര്‍ത്തി .
സ്നേഹമോ സന്തോഷമോ
ഭിക്ഷയായി അവശേഷിച്ചിരുന്നില്ല .
കാക്കക്കുഞ്ഞുങ്ങളുടെ ചുവന്ന വാ പിളര്‍പ്പില്‍
കൊക്കു താഴ്ത്തുന്ന അമ്മപ്പക്ഷിയെ
സൌഹൃദത്തോടെ ഒന്ന്
നോക്കുക മാത്രം ചെയ്തു.
സൂര്യന്‍ ചുറ്റും നിറഞ്ഞു കവിഞ്ഞപ്പോള്‍
ഉള്ളുകുടഞ്ഞതില്‍ നിന്നും നാലഞ്ചിലകള്‍
അവയുടെ ചുവന്ന കുഞ്ഞു ചുണ്ടുകള്‍
പുറത്തേയ്ക്കുയര്‍ത്തി
ആകാശത്തേയ്ക്ക് നോക്കി നിന്നു .
ഇപ്പോളീ പച്ചമണ്ണില്‍ വേരുകള്‍ ചുരന്നിതാ
ഞാന്‍ നില്‍ക്കുന്നു ,
വസന്തം അതിന്‍റെ പുതുമണവുമായി
വീണ്ടും അരികെ എത്തിയിരിക്കുന്നു .
അടയിരിക്കുന്ന ചൂടില്‍ നിന്നും
കുഞ്ഞനക്കം കേള്‍ക്കുവാന്‍
കൊതിയോടെ കാതുകൂര്‍പ്പിച്ചിരിക്കുന്നു ,
എന്‍റെയീ വേരുകള്‍ .
ആകാശമേ , എനിക്കിനിയും കടം തരിക ,
നിന്നിലൂടെ പറക്കുന്ന
പ്രണയമുള്ള രണ്ടിണപ്പക്ഷികളെ ,,
താരാട്ടുകള്‍ നിറഞ്ഞുതളിര്‍ക്കുന്ന
ചില്ലകള്‍ നീട്ടി ഞാനിതാ നിനക്ക് താഴെ
കാത്തു നില്ക്കുന്നു !
_____________________________
ക്ലിക്ക് വീണ്ടാമതും ഞാന്‍ ഫ്രം അറേബ്യ

കെ.സി.പിള്ള സ്മാരക സാഹിത്യ അവാർഡ്
കഴിഞ്ഞ വര്‍ഷം തുടക്കം സങ്കടങ്ങളുടെതായിരുന്നു . ഈ വര്‍ഷത്തിലെ ആദ്യത്തെ സന്തോഷം നവയുഗം എനിക്ക് സമ്മാനിച്ചിരിക്കുന്നു .കെ സി പിള്ള സര്‍ ന്‍റെ പേരിലുള്ള "കെ.സി.പിള്ള സ്മാരക സാഹിത്യ അവാർഡ്" കവിതയിലൂടെ എന്നെയും തേടി ഒരിക്കല്‍ക്കൂടി വന്നിരിക്കുന്നു .എഴുത്തിന്റെ വഴിയില്‍ വീണ്ടും ഒരു തീപ്പൊരി എനിക്കായ് നീട്ടിയിരിക്കുന്നു .കഥ കവിത വിഭാഗങ്ങളില്‍ പുരസ്കാരം പങ്കിട്ട എല്ലാ സൌഹൃദങ്ങള്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.
എഴുത്തുകാരനായ തമ്പാനൂർ ചന്ദ്രശേഖരൻ, സാഹിത്യനിരൂപകനായ പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രവാസി എഴുത്തുകാരൻ ബെൻസിമോഹൻ എന്നിവർ ഉൾപ്പെട്ട അവാർഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്.
സാഹിത്യവഴിയില്‍ സൌദിപ്രവാസികള്‍ക്ക് നവയുഗം പകര്‍ന്നു തരുന്ന ഉര്‍ജ്ജം വലുതാണ്.കല കായികം ജീവകാരുണ്യം സാഹിത്യം എന്നിവയി ലെല്ലാം നവയുഗം അവരുടെതായ വഴിയില്‍ എന്നും മുന്നില്‍ത്തന്നെയുണ്ട്‌ എന്നത് തെളിയിച്ചിട്ടുണ്ട്.
2015 മുതലാണ് നവയുഗം കോബാർ മേഖല കമ്മിറ്റി, പ്രവാസിസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പി യ്ക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.പിള്ള സ്മാരക സാഹിത്യഅവാർഡുകൾ ഏർപ്പെടുത്തിയത്.
"സർഗ്ഗപ്രവാസം-2017" ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ , ദമ്മാം നുസൈഫ്‌ ഹാളിൽ വെച്ച് അരങ്ങേറും.പ്രശസ്ത മലയാളക വിയും, ഗാനരചയിതാവുമായ ശ്രീ. പി.കെ.ഗോപി ഉത്‌ഘാടനം ചെയ്തു.

അടയാളം
പക്ഷിയായിരുന്നതിന്റെ ഓര്‍മ്മ 
പുല്ലിൻ കീഴിലെ തൂവല്‍പോലെ 
ഒരിക്കല്‍ കൈപറ്റി 
ആമയായിരുന്നതിന്റെ ഉരച്ചില്‍ 
ഒരു ഉച്ചയുറക്കത്തില്‍ ഉണര്‍ന്നു വിങ്ങി.
പുഴുവായിരുന്നെന്ന ഇഴച്ചിൽ
ഒരു ശലഭത്തിന്റെ ചിറകറ്റ അനക്കത്തിൽ പിടഞ്ഞനങ്ങി.
മീനായിരുന്നതിന്റെ അടയാളം
തിളക്കം മാഞ്ഞ ഒരു ചെതുമ്പലായി
കത്തിപ്പിടി യിടയില്‍ മൂകമായിരുന്നു .
മാനായിരുന്നെന്ന കിതപ്പ്
കഴുത്തിലെ ആഴ്ന്ന പുലിപ്പല്ല്പോലെ
ഒരു പുലര്‍സ്വപ്നം കാണിച്ചു തന്നു .
രണ്ടുകാലില്‍ നടക്കുന്നു
നീണ്ടുനീര്‍ന്നു കിടക്കുന്നു
ഉടുപ്പുമാറിയുടുക്കുന്നു എന്നിട്ടും
എത്ര തിരഞ്ഞിട്ടും കിട്ടുന്നില്ല ഇപ്പോഴും
മനുഷ്യനായിരുന്നതിന്റെ
അടയാളം മാത്രം !

1.22.2018

ആത്മഭാഷഉള്ളിന്‍റെ ഉള്ളില്‍ തിരഞ്ഞു ചെല്ലുമ്പോള്‍
അവിടം ശൂന്യമായിരുന്നു .
ഇരുട്ടിനും വെളിച്ചത്തിനും ശബ്ദമുണ്ടായിരുന്നില്ല .
ആനന്ദമോ സങ്കടമോ നിര്‍വ്വികാരതയോ എന്നു
പേരിട്ടു നാം വിളിക്കുന്നൊരാ പക്ഷികള്‍ 
നമ്മിലേക്ക് പറന്നിരിക്കുകയും
നമ്മില്‍ നിന്നും പാറിപ്പോവുകയും
ചെയ്തുകൊണ്ടിരിക്കുന്നു എന്ന്മാത്രം
അലസമായ്‌ കണ്ടെത്തി
തിരികെപ്പോന്നു .
ഒരു ചിറകനക്കം കേള്‍ക്കവേ
കണ്ണുനീരോ പുഞ്ചിരിയോ
അവയുടെ തൂവലുകളുമായി
വിരുന്നു വരുന്നതെന്ന്
വാതില്‍ക്കലെത്തിനോക്കുന്നു .
ഒന്നും കണ്ടില്ല ,
പൂക്കളും മുള്ളുകളും ഉള്ളൊരു
ചുവന്ന വൃക്ഷം അതിന്റെ തണലു നീട്ടി
ഒന്ന് തൊടുക മാത്രം ചെയ്തു .
ഒരു നിശബ്ദത എന്നിലേയ്ക്ക് കയറി വരികയും
സ്വയം വിളമ്പിവച്ച് ഞാനതിനെ
സ്വീകരിക്കുകയും ചെയ്തു .

1.14.2018

സങ്കടത്തിന്റെ സങ്കടം


സങ്കടത്തിന്റെ സങ്കടം
സങ്കടങ്ങള്‍ ഉള്ളവന്
തലയ്ക്കുമീതെ
എരിയുന്ന സൂര്യന്‍ മാത്രം
നിലാവിന്‍റെ തണുപ്പോ
പൂവിന്‍റെ ഭംഗിയോ
കാറ്റിന്‍റെ തലോടലുകളോ അറിയാനാകാത്ത
മരവിപ്പുകള്‍ കൊണ്ടവന്‍
വരിയപ്പെട്ടിരിക്കുന്നു .
എനിക്കും നിനക്കും തമ്മിലെന്തെന്ന്
ചെറു സന്തോഷത്തിന്റെ കുരുവികള്‍ പോലും
അവനു കുറുകെ കടന്നുപോകുന്നില്ല .
അവനോ
വിഷാദത്തിന്റെ കറുത്ത പൂച്ചകള്‍
ഇടയ്ക്കിടെ വട്ടംചാടുന്ന
ഇരുണ്ട ഇടവഴികളില്‍
അവനവനെക്കെട്ടിയിട്ട
യജമാനനാകുന്നു .
ജീവിതത്തിനും മരണത്തിനും ഇടയിലെ
അകലം ,
അത്രയും നേര്‍ത്തു നേര്‍ത്തു കാണുന്ന
നിമിഷങ്ങള്‍,
കൂടെ സഞ്ചരിക്കുന്നു .
ആള്‍ക്കൂട്ടം അവനെ ഏകനാക്കുന്നു
അവനവനില്‍ നിന്നു തന്നെയുമവന്‍
ഉപേക്ഷിക്കപ്പെടുന്നു .
അവന്റെ ദൈവങ്ങളെല്ലാം
കണ്ണടച്ചും കാതടച്ചും
പ്രാര്‍ത്ഥനകളില്‍ നിന്നും ഒളിച്ചോടുന്ന
അസുരന്‍മ്മാരാകുന്നു .
ഒഴിഞ്ഞ ഭിക്ഷാപാത്രവുമായവന്‍
ദുസ്വപ്നങ്ങളില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ചേക്കേറാന്‍
ഒരു ചില്ലയില്ലാതെ
മനസ്സ് നിറയ്ക്കാന്‍
ഒരു ചെറുചിരിയുടെ
വിരുന്നുകാരനില്ലാതെ ,
ഉള്ളു തണുക്കാന്‍
ഒരുതുള്ളി നിഴലില്ലാതെ
ദാഹിച്ചും വിശന്നും
സങ്കടങ്ങളുടെ ഉച്ചയിലൂടെ
അലയുന്ന പക്ഷിയാകുന്നു .
അതെ സുഹൃത്തെ ,
ഇടയ്ക്കൊക്കെ അവന്‍
എന്റെയും നിന്റെയും
അതെ മുഖമുള്ള
അതെ കണ്ണുകളുള്ള
ചിറകു കനത്തു കൂമ്പിയൊരു
നനഞ്ഞ പക്ഷി .

12.26.2017

മറുകടയാളംപ്രണയവും വിഷാദവും നട്ടു വളര്‍ത്തുന്ന 
അതിരുകളാണെന്റെ രാജ്യം 
വിരുന്നുകാരെപ്പോലെയോ വേട്ടക്കാരെപ്പോലെയോ 
നിങ്ങള്‍ വരിക 
കവിതകള്‍ പകര്‍ന്നു വയ്ക്കുന്നു ചുറ്റും 
രുചിച്ചും കൊള്ളയടിച്ചും കടന്നുപോകുക .

ഒരു തണുത്ത ചില്ലുപാത്രം പോലെ 
ഞാനിരിക്കുന്നു 
ഉടഞ്ഞുപോകും മുന്‍പേ 
ഒരു ശലഭം എന്നെ ചുംബിക്കട്ടെ 
പൂക്കളുടെ ഭാഷകൊണ്ട് എന്നെ 
തൊട്ടുപോകട്ടെ .

ജീവിതം കൊത്തി കൊത്തി മൂര്‍ച്ചപോയ ഒരു
ഉളിയായിരുന്നു എന്റെ ചങ്ങാതി .
രഹസ്യമോ പരസ്യമോ എന്നറിയില്ല 
ഉള്ളു കാണുന്ന ഒന്നായിരുന്നു ഞാനെന്ന്
ഒരിക്കല്‍ വന്നുപോയ 
ചുവന്നഭാഷയുള്ള വീഞ്ഞ് 
സാക്ഷ്യപ്പെടുത്തിയിരുന്നു .
സന്തോഷത്തേയും സങ്കടത്തെയും 
ഒരേ വാതിലിലൂടെ ഞാന്‍ സ്വീകരിച്ചു .

ദാഹിക്കുമ്പോള്‍ 
ഞാനെന്റെ ഉള്ളില്‍ ആകാശത്തെ സ്വീകരിക്കും 
കാറ്റിനെയും വെളിച്ചത്തെയും നിറച്ചു വക്കും .
ഒരു നിറവും സ്വന്തമായിരുന്നില്ല 
ഒരു രുചിക്കും എന്നില്‍ പേരിട്ടിരുന്നില്ല .
നിറയുമ്പോഴും ഒഴിയുമ്പോഴും
ആകൃതി മാറാതെ ഇരിക്കുന്ന ഒന്നായി മാത്രം
എന്റെയീ തോടിരിക്കുന്നു .

ഒരിക്കല്‍ ഒരു ചെറുകിളിയുടെ 
കാല്‍നഖം കോറിയിട്ട ഒരടയാളമെയുള്ളൂ ... 
ഒരു മറുകുപോല്‍ 
എനിക്കെന്നെ 
അടയാളം കാണിക്കുവാന്‍ .
******************************************
 — feeling thankful to കലാകൗമുദി.
**************************************************************